കോഴിക്കോട്: ഉദ്യോഗസ്ഥരെയും കാമറകളെയും പേടിച്ച് ഇരുചക്രവാഹനങ്ങളുടെ നമ്പര്‍ മറിച്ചുപിടിച്ചുകൊണ്ടുള്ള യാത്രകള്‍ വര്‍ധിച്ചുവരുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. എഐ കാമറകളില്‍ ഇത്തരം ദൃശ്യങ്ങള്‍ സമീപകാലത്തായി കൂടുതലായി പതിയുന്നുണ്ട്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാമറയ്ക്കു മുന്നില്‍ എത്തുമ്പോള്‍ കൈകൊണ്ട് മറിച്ചുപിടിക്കുകയാണ് ചെയ്യുന്നത്.
കാമറയില്‍ പതിഞ്ഞ ദൃശ്യം പങ്കുവച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. പിറകിലുള്ള യാത്രക്കാരന് അപകടകരമാം വിധം വളഞ്ഞ് നമ്പര്‍ പ്ലേറ്റ് കൈകൊണ്ട് മറച്ചുപിടിക്കുകയാണ് ചിത്രത്തില്‍. ഇത്തരം സംഭവങ്ങള്‍ അപകടത്തിലേക്ക് നയിക്കുമെന്നും കടുക് മണി വ്യത്യാസത്തില്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ തല തവിട് പൊടിയാകുമെന്നുമാണ് മുന്നറിയിപ്പ്.
ചെറിയ പിഴകളില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിഞ്ഞേക്കാം, പക്ഷെ ശീലങ്ങൾ മാറ്റിയില്ലെങ്കില്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ വാഹനം നിയന്ത്രണം വിട്ടു മറ്റു വാഹനത്തില്‍ ഇടിക്കാനും കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്താനും സാധ്യതയുണ്ട്.
ഇത്തരം സംഭവം ശ്രദ്ധയില്‍പെട്ടാല്‍ വാഹന ഉടമയുടെ ലൈസന്‍സ് സസ്പെന്‍ഡുചെയ്യുമെന്നും കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ അതിവേഗത്തില്‍ അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുന്നവരാണ് എഐ ക്യാമറയെ വെട്ടിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറിച്ചുപിടിക്കുന്നത്.